ഫിലിം മാർക്കറ്റിന് തുടക്കമായി

ഫിലിം മാർക്കറ്റിന് തുടക്കമായി

മലയാള സിനിമകൾക്ക് രാജ്യാന്തര തലത്തിൽ വിപണന സാധ്യതകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിന് തുടക്കമായി.സിനിമ മാർക്കറ്റിംഗിലെ നൂതന സാധ്യതകൾക്കൊപ്പം പുതുമകൾ ആഗ്രഹിക്കുന്നവർക്കുള്ള പ്രോത്സാഹനം കൂടിയാണ് ഫിലിം മാർക്കറ്റെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

സംവിധായകരായ ദേവേന്ദ്രപ്രസാദ്, പ്രിയനന്ദനന്‍,സജിന്‍ബാബു,ദേവദാസ് കല്ലുരുട്ടി,മോനി ശ്രീനിവാസന്‍ തുടങ്ങിയവർ ആദ്യദിവസം ഫിലിംമാര്‍ക്കറ്റില്‍ ചിത്രങ്ങളുമായി എത്തി.സ്റ്റുഡിയോണ്‍ മോജോ സി ഇ ഒ രാധാകൃഷ്ണന്‍ രാമചന്ദ്രന്‍,എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജൂഡി ഗ്ലാഡ്സ്റ്റന്‍ ,പിനാഗി ചാറ്റര്‍ജി (ഗോക്വസ്റ്റ് മീഡിയ വെഞ്ചേഴ്‌സ്), സുചിത്ര രാമന്‍ (ടെക് ജി തിയേറ്റര്‍), ജിബ്‌നു ജെ ജേക്കബ് (വിന്റീല്‍സ് ഡിജിറ്റല്‍) തുടങ്ങിയവർ വിവിധ കമ്പനികളുടെ മാർക്കറ്റിങ് പ്രതിനിധികളായി പങ്കെടുത്തു.

ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാ പോൾ,സെക്രട്ടറി മഹേഷ് പഞ്ചു ,സിബി മലയിൽ , ഉമാ ഡാ ക്യൂൻഹ ,നിർമാതാവ് ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു . ഫിലിം മാർക്കറ്റ് ഡിസംബർ 12 നു സമാപിക്കും

മാധ്യമപുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം.ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര,ടെലിവിഷന്‍ രംഗത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും റേഡിയോ,ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടുകളുടെ പകര്‍പ്പു സഹിതം അപേക്ഷിക്കാം.ഡിസംബര്‍ 12 ന് വൈകിട്ട് ആറിനു മുൻപ് ടാഗോര്‍ തിയേറ്ററിലെ മീഡിയ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. ദൃശ്യ- ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്),ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2019@gmail.com ലും അച്ചടി മാധ്യമ പ്രവർത്തകർ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പും (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9544917693,7907565569

ഇന്ന് (തിങ്കൾ) 63 ചിത്രങ്ങൾ :മിഡ്‌നെറ്റ് സ്‌ക്രീനിങ്ങിൽ ‘ഡോർ ലോക്ക്’

രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തുന്ന 63 ചിത്രങ്ങൾ.ദക്ഷിണ കൊറിയയിൽ തരംഗമായ സസ്പെൻസ് ത്രില്ലർ ഡോർ ലോക്ക്,സൊളാനസിന്റെ സൗത്ത്,ടോം വാലറിന്റെ ദ കേവ്,1982,ദ ഹോൾട്ട്,ഹവ്വാ മറിയം ആയിഷ,വേർഡിക്റ്റ്,ആദം,ബലൂൺ എന്നീ ചിത്രങ്ങളുടെ പ്രദർശനം ഇന്നുണ്ടാകും.

മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ ഡോർലോക്കിന്റെ മേളയിലെ ഏക പ്രദർശവും ഇന്നാണ്. നിശാഗന്ധിയിലാണ് ഈ ചിത്രത്തിന്റെ പ്രദർശനം. ഏകാകിയായ ക്യുങ് മിന്റെ അപ്പാർട്ട്മെന്റെിൽ ഒരു അപരിചിതൻ നടത്തുന്ന കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലീ ക്വാൺ ആണ് ഈ ഹൊറർ ത്രില്ലറിന്റെ സംവിധായകൻ.

ഫാഹിം ഇർഷാദിന്റെ ആനി മാനി,സെസാർ ഡയസ് സംവിധാനം ചെയ്‌ത അവർ മദേർസ്,യാങ് പിംഗ് ഡാവോയുടെ മൈ ഡിയർ ഫ്രണ്ട് എന്നീ മത്സര ചിത്രങ്ങളുടെ ആദ്യ പ്രദർശനവും ദേ സെ നതിങ് സെസ് ദി സെയിം,ഹോസെ മരിയ കബ്രാലിന്റെ ദി പ്രോജക്ഷനിസ്റ്,മൈക്കിൾ ഐഡോവിന്റെ ദ ഹ്യൂമറിസ്റ്റ് , വൃത്താകൃതിയിലുള്ള ചതുരം എന്നീ മത്സരചിത്രങ്ങളുടെ പുനഃ പ്രദർശനവും ഇന്നുണ്ടാകും.

ലോകസിനിമാ വിഭാഗത്തിൽ മുപ്പത്തിയഞ്ചു ചിത്രങ്ങളും,മലയാള സിനിമ ഇന്നിൽ അനുരാജ് മനോഹറിന്റെ ഇഷ്ക്ക്,പ്രിയനന്ദനന്റെ സൈലെൻസർ, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച,ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ മലയാള ചിത്രങ്ങളും ഇന്ന് പ്രദർശനത്തിനുണ്ട്.

Share